Kerala
തിരുവനന്തപുരം: നടിക്കെതിരേ ലൈംഗികാതിക്രമം നടത്തിയ പോര്‍ട്ടര്‍ അറസ്റ്റില്‍. കഴിഞ്ഞ വ്യാഴാഴ്ച കൊച്ചുവേളി റെയില്‍വേ സ്റ്റേഷനിലെത്തിയ നടിക്കാണ് ദുരനുഭവമുണ്ടായത്. സംഭവത്തിൽ റെയില്‍വേ പോര്‍ട്ടറായ അരുണിനെ പേട്ട പോലീസ് അറസ്റ്റു ചെയ്തു.
ഷൂട്ടിംഗ് സംബന്ധമായ യാത്രയ്ക്കായി സ്റ്റേഷനിലെത്തിയ നടിയോട് അപ്പുറത്തെ പ്ലാറ്റ്ഫോമിലേക്കു കടക്കാന്‍ സഹായിക്കാമെന്ന് ഇയാള്‍ പറഞ്ഞു. റെയില്‍വേ ലൈന്‍ മുറിച്ചുകടക്കേണ്ടെന്നും നിര്‍ത്തിയിട്ടിരിക്കുന്ന ട്രെയിനിന്റെ എസി കോച്ച് വഴി അപ്പുറത്തെത്തിക്കാമെന്നും വിശ്വസിപ്പിച്ചു.
തുടര്‍ന്ന് ട്രെയിന്‍ കയറി അപ്പുറത്തെത്തി പ്ലാറ്റ്ഫോമിലേക്ക് വലിഞ്ഞുകയറാന്‍ തുടങ്ങുമ്പോള്‍ ദേഹത്ത് കടന്നുപിടിക്കുകയായിരുന്നുവെന്നാണ് പരാതി. റെയില്‍വേ അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും ഇയാളെ ന്യായീകരിച്ച് സംസാരിച്ചതിനെത്തുടര്‍ന്ന് നടി പോലീസില്‍ പരാതിപ്പെടുകയായിരുന്നു. ഇയാളെ ജോലിയില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു.
National
ബംഗളൂരു: ബൈക്കിൽ യാത്ര ചെയ്തിരുന്ന മൂന്ന് പേരെ ഇടിച്ചുതെറിപ്പിച്ച ശേഷം നിർത്താതെ പോയ കാർ കന്നഡ നടി ദിവ്യ സുരേഷിന്റേതാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ഈ മാസം നാലിന് പുലർച്ചെ ബൈതാരയണപുരയിലെ നിത്യ ഹോട്ടലിന് സമീപമായിരുന്നു അപകടം.
അമിത വേഗത്തിൽ എത്തിയ കാർ ബൈക്ക് യാത്രക്കാരായ കിരൺ, അനുഷ, അനിത എന്നിവരെ ഇടിച്ചുതെറിപ്പിച്ച് കടന്നുകളയുകയായിരുന്നു. അപകടത്തിൽ മൂന്ന് പേർക്കും പരുക്കേറ്റു. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
നിരവധി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെയാണ് വാഹനം ദിവ്യ സുരേഷിന്റേതാണെന്ന് വ്യക്തമായത്. അപകടസമയത്ത് കാർ ഓടിച്ചിരുന്നത് ദിവ്യ തന്നെയാണെന്നും പോലീസ് കണ്ടെത്തി. വാഹനം പിടിച്ചെടുത്തതായി ട്രാഫിക് വെസ്റ്റ് ഡിസിപി അനൂപ് ഷെട്ടി അറിയിച്ചു. കൂടുതൽ വിശദാംശങ്ങൾ പുറത്തുവരുന്നതിനനുസരിച്ച് കേസിന്റെ തുടർനടപടികൾ വ്യക്തമാക്കുമെന്ന് പോലീസ് അറിയിച്ചു.